Saturday, June 14, 2008

ഓര്‍മ്മകള്‍

"മകനെ നഷ്ടപെട്ട്‌, എന്നെങ്കിലും ഒരിക്കല്‍ അവനെ തിരിച്ചു കിട്ടും എന്ന പ്രതീക്ഷയില്‍ മാത്രം ജീവിക്കുന്ന ഒരമ്മ."

രണ്ടു ദിവസം മുന്‍പ്‌` രാവിലെ വേഗത്തില്‍ പേപ്പര്‍ മറിച്ചു നോക്കുന്നതിനിടയില്‍ കണ്ണിലുടക്കിയതാണു ആ അമ്മയുടെ ചിത്രവും അവരുടെ നീറുന്ന വേദനയുടെ കഥ പറയുന്ന അക്ഷരങ്ങളും....... കാണാതായ തന്റെ കുഞ്ഞിനു വേണ്ടിയുള്ള അന്വേഷണങ്ങള്‍ എങ്ങുമെത്താതെ വഴിമുട്ടി നില്ക്കുമ്പൊള്‍, അതിനു നിയോഗിക്കപ്പെട്ടവര്‍ ഈ അമ്മയുടെ ചോദ്യങ്ങള്‍ക്കു മുന്‍പില്‍ നോക്കുകുത്തികളാവുന്നു.

ഇതൊരു ഒറ്റപെട്ട സംഭവമല്ല....മുന്‍പും ഇതുപൊലെയുള്ള തിരോധാനങ്ങള്‍ ഉണ്ടായിട്ടുണ്ട്‌. ഏന്താണ്‌ ഈ കുഞ്ഞുങ്ങള്‍ക്കു സംഭവിക്കുന്നത്‌..?... പെട്ടെന്ന്‌ ഒരു ദിവസം അവര്‍ എങ്ങോട്ടാണ്‌ അപ്പ്രത്യക്ഷരാവുന്നത്‌?

ചിലതിന്റെയെങ്കിലും ചുരുളുകള്‍ അഴിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഇനിയും ഇതുപൊലെയുള്ള സംഭവങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കും...ഒരു പക്ഷെ ഇപ്പൊള്‍ ഉള്ളതിനേക്കള്‍ കൂടുതലായി.............ഇനിയും നഷ്ടപ്പെട്ട തന്റെ കുഞ്ഞുങ്ങളെ കാത്തിരിക്കുന്ന അമ്മമാരെ നമ്മള്‍ക്കു കണേണ്ടിവരും........അവരുടെ ചോദ്യങ്ങള്‍ക്കു എന്തു മറുപടിയാണു നമ്മള്‍ നല്കുക?

അന്വേഷിക്കാന്‍ നിയോഗിക്കപെട്ടവര്‍ മുന്‍പോട്ടുപോവാനാവാതെ മിഴിച്ചു നില്ക്കുമ്പോള്‍ കുറച്ചു നേരത്തേക്കെങ്കിലും നമുക്കും ഈ അമ്മമാരുടെ വേദനയില്‍ പങ്കുചേരാം............



വെയിലേറ്റു തളര്‍ ന്നൊരീ സന്ധ്യയും,
വിടവാങ്ങാന്‍ വെമ്പുന്ന വെളിച്ചവും,
പകലിന്റെ കാഴ്ചയെ കവര്‍ ന്നെടുക്കും രാത്രിയും സാക്ഷിയായ്...
വീണ്ടും ചൊരിയുന്നു വര്‍ഷമീ മേഘങ്ങള്‍.

പുഞ്ചിരി മായാത്ത കുഞ്ഞു മുഖമിന്നുമെന്‍ മനസ്സില്‍
നീറുന്നൊരോര്‍ മ്മയായ് മായാതെ നില്ക്കവെ,
മഴയില്‍ കുതിരുമീ പ്രദോഷം കുത്തിനോവിക്കുന്നു
മനസ്സിലെ മായാത്ത മുറിവിനെ.

ഉതിര്‍ന്നു വീഴുമീ മഴത്തുള്ളികളിലലിഞ്ഞ നിന്‍
ചിരിയുടെ മകരന്ദസ്മൃതിയില്‍ നില്ക്കവെ
ചെംചുവപ്പോലും പവിഴാധരങ്ങള്‍ പൊഴിച്ച
മുത്തുകളിന്നും കുളിര്‍കാറ്റിന്‍ സംഗീതമുതിര്‍ ത്തിടുന്നു.

അരുണാഭമായ കവിളുകളാല്‍ ലജ്ജയാര്‍ന്നു
നവീനമാം ദര്‍പ്പണം പൊലും.
വിടര്‍ന്ന കുഞ്ഞു കണ്ണുകളിലൊരായിരം ചോദ്യങ്ങളായിരുന്നു.
കുഞ്ഞു കൈകളോ അനുഗമിച്ചിരുന്നു ജിജ്ഞാസുവാം
താമരമൊട്ടുകളാം വിടര്‍ന്ന നയനങ്ങളെ.

കൌതുകം കാണുന്നതിനെയൊക്കെയും തൊട്ടുണര്‍ത്തുവാന്‍
പിഞ്ചു കാലുകള്‍ മണ്ണില്‍, വിരിഞ്ഞ പൂവിന്‍
നയനാഭിരാമമാം ഒരുനൂറു ചിത്രങ്ങളെഴുതി.

അഭിശപ്തമാം എതോ നിമിഷം വെര്‍പെടുത്തി നിന്നെ
നഷ്ടമായ് നിന്നെയും നിന്റെ നിസ്വനങ്ങളും.
വ്യര്‍ത്ഥമീ ജീവിതം വൃഥാ വ്യര്‍ത്ഥമാകുന്നു
കുഞ്ഞേ നിന്റെ നഷ്ടബോധതില്‍.

മരിക്കാത്ത ഓര്‍മതന്‍ പ്രതീക്ഷയില്‍
ബാക്കിനില്ക്കുന്നിതെന്‍ ജീവിതം നിന്‍ വരവേല്‍പ്പിനായ്...

.