Tuesday, November 11, 2008

മൃത്യു

"മൃത്യു" അല്ലെങ്കില്‍ "മരണം", ആ പ്രഹേളികയെ കുറിച്ചു ആര്‍ക്കാണ്‌ മുഴുവനായും അറിയുന്നത്‌?

ശാസ്ത്രം വളരെ പുരോഗമിച്ചെങ്കിലും മരണം ഇന്നും ഉത്തരം കിട്ടാത്ത ഒരു കടങ്കഥയാണ്‌. അതിന്റെ ശബ്ദമറിയുവാന്‍, രൂപമറിയുവാന്‍, ഗന്ധമറിയുവാന്‍ ഒരിക്കലെങ്കിലും കൌതുകം തോന്നാത്തവര്‍ ആരും തന്നെ ഉണ്ടാവില്ല.

എന്നാല്‍ അതുകൊണ്ടു മാത്രം നാം മരണത്തെ സ്നേഹിക്കുന്നു എന്നു പറയാന്‍ സാധിക്കുമോ?





" പ്രണയിക്കുന്നുവോ നിന്നെ ഞാന്‍ ?

വലുതായെന്‍ വിസ്മയം ചെറുകണ്ണുകളില്‍
നിന്‍ രൂപമൊന്നു കാണുവാന്‍.
ഇരുട്ടിന്നാഴങ്ങളില്‍ നേരമേറെയാം വരെ
നിന്‍ സ്വരത്തിനായ് കാതോര്‍ത്തു കാത്തിരുന്നു ഞാന്‍.

ചോരനാണു നീ മോഹങ്ങളെ, സ്വപ്നങ്ങളെ
കവര്‍ന്നെടുക്കുന്ന കള്ളന്‍.
തിരിച്ചു നീട്ടാതെ കട്ടെടുക്കുന്നു ജീവനെ,
മുറിവേല്‍പ്പിക്കുന്നു പ്രിയജനങ്ങളെ
പറിച്ചെടുക്കുന്നു തീരാവേദന നല്കി നീ
തല്ലിക്കെടുത്തുന്നു ജീവ നാളങ്ങളെ...
ലോകത്തെ ജയിക്കുമാ ദ്വിഗ്‌വിജയരാം പ്രതിയോഗികളെ
കീഴ്പെടുത്തുന്നു നീ നിഷ്പ്രയാസം.

പരിഹാസമണിഞ്ഞു നൃത്തമാടിടുന്ന
നിന്‍ നടനകേളികള്‍ കഴുകിക്കളയുന്നു
പരിഹാരമില്ലത്ത പാപങ്ങളെ.
ഏന്തു നിന്‍ കൈകള്‍ക്കസാധ്യം ?
ആനുഗ്രഹിക്കുന്നു പ്രാണവെദനയില്‍
പിടഞ്ഞീടും രോഗാതുരരാം പരിജനങ്ങളെ.

ഇരുണ്ട ഇടവഴികള്‍ പിന്നിലാക്കി
കാലചക്രത്തിനൊപ്പം നടന്നു നീങ്ങവെ
എന്നു നീ വന്നു പുല്കുമെന്നാത്മാവിനെ
എന്നോര്‍ത്തു വേദനിപ്പു ഞാന്‍.

വെളിച്ചം കീറാത്ത നിശാകമ്പളത്തില്‍
അദൃശ്യമാം നിഴലായ് മറഞ്ഞാടുന്ന
നീ എന്തെന്നറിയുവാന്‍ നിന്‍ ഗന്ധമറിയുവാന്‍
വെറുതെയെങ്കിലും മോഹമെന്നറിയുന്നുവോ? "

.