Thursday, December 25, 2008

ഭാവുകം

സന്ധ്യയിലെ ആകാശം........ ഒരു നീണ്ട പകലിന്റെ അവസാനം സഫലീകരിക്കപെട്ട പ്രണയത്തെ ചിത്രീകരിക്കുന്നു.

സൂര്യനാല്‍ നെറുകില്‍ സിന്ധൂരമണിഞ്ഞു സുമംഗലിയായ് നില്ക്കുന്ന സുന്ദരിയായ ആകാശം എനിക്കേറെ ഇഷ്ട്ടമാണ്.





നേര്‍ത്ത സന്ധ്യയുടെ ദീപ്തഭംഗിയിതു
മാനം സിന്ധൂരമണിഞ്ഞു സുമംഗലിയായ്.
അസ്തമയ സൂര്യന്റെ ചുംബനമേറ്റവള്‍
നമ്മ്രമുഖിയായ് വ്രീളയായ് മൌനമായ്.

ഒരു നീണ്ട പകലിന്‍ കാത്തിരിപ്പിന്‍
സാഫല്യമായ്, വര്‍ണപ്രഭാപൂരം സാക്ഷിയായ്,
നെറുകില്‍ കുങ്കമം ചാര്‍ത്തിയവളെ
ഞായറിന്‍ സ്വന്തമാക്കിയവന്‍ ചിരിതൂവിനിന്നു.

ഉഷകാലയാത്രയില്‍ ഉദിക്കുന്ന വഴി
കിഴക്കിന്റെ കോണില്‍ കണ്ടുമുട്ടി.
പറയാതറിഞ്ഞവര്‍ പരസ്പരം,
യാത്ര തുടര്‍ന്നു നിമിഷങ്ങളടര്‍ന്നു വീണു.

ജ്വലിചു നിന്നവന്‍ കനലിന്റെയഗ്നിയായ്
സങ്കോജം നിറഞ്ഞുവോ, മനസ്സില്‍ നിന്റെ
രൌദ്രഭാവം ഭീതിയുണര്‍ത്തിയോ?
തളര്‍ന്നു പോയതു അവളുടെ സ്നേഹമോ?

വെറുതെയെങ്കിലുമവള്‍ ചോദിച്ചു നിന്നുപോയ്
പിന്‍വാങ്ങുന്ന നിഴലുകള്‍ ഇനി
വരാനിരിക്കുന്ന വിരഹത്തെ കുറിക്കുന്നുവോ?
ഈ നിഴലുകള്‍ ക്കൊപ്പം നഷ്ടമാകുമോ
നിന്നെയും, നിന്റെ സ്നേഹവും?
ഇല്ല ഉത്തരമെങ്കില്‍ പിരിയാം നമുക്കിനി
തിരിച്ചു പോകാനാകുമോ? എങ്കിലെല്ലാം മറക്കാം
ഈ കഴിഞ്ഞ പകലിന്റെ പകുതിയത്രയും.

ശാന്തനായര്‍ക്കന്‍, കുറഞ്ഞുവോ താപം?
നീങ്ങിയല്‍പ്പം, പിന്നെ മെല്ലെയോതി...
കാത്തു നിന്നു ഞാന്‍ മാതാ
പക്രുതിയുടെ മൌനാനുവാദത്തിനായ്
പറഞ്ഞുവത്രെ, ഈശ്വരന്‍ എനിക്കായ്
തീര്‍ത്തിതു നിന്നെ, എങ്കിലും
ഈ പകലിന്റെയന്ത്യമാം നിമിഷം
വരെ കാത്തിരിക്ക നീ.
അനവദ്യമാം ആ മുഹൂര്‍ത്തിലമ്മ
നിന്നെയെന്‍ കയ്യിലേല്പ്പിച്ചിടും.

ഇനിവരും ദിവസങ്ങളത്രയും
ഇന്നിന്റെ പ്രതിബിംബമായിരിക്കട്ടെ
പടിഞ്ഞാറു ചായുന്ന സൂര്യനും അവനില്‍
അലിയുന്ന വധുവിനും എന്റെ "ഭാവുകം"

.