
ഇന്നെന്റെ മരണം എല്ലാം ഇവിടെ
ഉപേക്ഷിച്ചു യാത്രയാവുന്നു ദേഹിയും.
കൊണ്ടുപോവുന്നില്ല ഞാനൊന്നും
നിന്റെ ഓര്‍മ്മകളും സ്നേഹവും പോലും.
മൂഢലോകത്തിന്റെ വ്യര്‍ത്ഥ ബന്ധങ്ങളെ
പൊട്ടിച്ചെറിഞ്ഞു സ്വതന്ത്രയായ് യാത്രയവുമ്പോള്‍
നൊന്തു നീ നോവിച്ചതോര്‍ത്തു ഇനി
വേണ്ട വേദനയുടെ ജല്‍പ്പനങ്ങള്‍.
മൃതിയടഞ്ഞ എന്നോര്‍മ്മകളെ തൊട്ടുണര്‍ത്തുവാന്‍
വെറുതെയെന്തിനു വീണ്ടും വരുന്നു നീ?.
ചേതനയറ്റ പാഴ്‌മേനി ചിതയിലെരിയുമ്പോള്‍
ഞാനെന്ന ദേഹം ഭസ്‌മമായിടുമ്പോള്‍
അരുതു നീ വരരുതു ഒരിക്കല്‍പോലും
എന്റെ മരണത്തിനു സാക്ഷിയാകുവാന്‍.
ഭസ്‌മമാം ശരീരം മണ്ണിലലിയുമ്പോള്‍
ജീവിതസത്യം മരണമെന്നറിയുമ്പോള്‍
ഏറ്റുവാങ്ങാനാവില്ല നീയര്‍പ്പിക്കുന്ന
ഓരോ പൂവിലും തുളുമ്പുന്ന സ്നേഹം.
എന്നെ കുത്തി നോവിക്കുമാ പനിനീര്‍
ദളങ്ങളെ കനിവേകി തിരിച്ചെടുക്കുക.
മരിക്കാനനുവദിക്കുക നിന്നിലെ മങ്ങിയ
ഓര്‍മ്മകളും ചിത്രങ്ങളും, അവക്കാവില്ല
ജീവിത സാരംഗിയില്‍ സംഗീതം തീര്‍ക്കുവാന്‍
ഇനിയും മരിക്കാം ഞാന്‍ നിന്റെ മരിക്കാത്ത
ഓര്‍മ്മതന്‍ ചിത്രങ്ങളും സ്വപ്നങ്ങളും
എന്റെയൊപ്പം മാഞ്ഞുപോവുമെങ്കില്‍ .
