Saturday, October 17, 2009

ഭൂമി മാപ്പു നല്‍കുമോ?


വിണ്ണിലൊരു മേഘമായ് ദിശയറിയാതലയുന്നിതിന്നു ഞാന്‍...

തെന്നലേ ആര്‍ദ്രമാം നിന്‍ മൃദുസ്പര്‍ശം
അതിലൊരു മഴയായ് പെയ്തിറങ്ങുവാന്‍
സൃഷ്ടിയുടെ ബീജം വിതയ്ക്കുവാന്‍
‍വര്‍ഷാകാലത്തിനായ് നോമ്പു നോറ്റിരുന്നു.

കളി പറഞ്ഞും, ചിരിച്ചും, അറിയാതെ
തെന്നിനീങ്ങുന്ന നീ കൈവെടിഞ്ഞു
ദൂരെ മറയുമ്പോള്‍ വൈകുന്നു ഋതുക്കള്‍
കാലചക്രം തിരിയുന്നതറിയാതെ.

നികടത്തിലത്രെ വരള്‍ച്ചയുടെ നാളുകള്‍
‍വരുന്നതിനി മഴയില്ലാ സംവത്സരങ്ങള്‍.
ശൂന്യതയില്‍ വൈദ്യുത തരംഗങ്ങള്‍
‍പ്രവഹിച്ച സന്ദേശമെന്‍ കാതില്‍ മുഴങ്ങി.

സഹിക്കുന്നതെങ്ങനെ? തെറ്റെന്തു ചെയ്തു ഞാന്‍?
നൂതനലോകത്തിന്റെ കണ്ഠത്തിലിരുന്നു
വിലപിച്ചു ഭൂമി, "മൂഢന്മാര്‍ മനുഷ്യനവന്‍
നിബിഡവനത്തിന്റെ ഭീകരത നീക്കിയത്രെ".

കാറ്റിനെ തേടിയെന്‍ വ്രണിതമാം ഹൃദയം
ജ്വലിക്കുന്ന സൂര്യന്റെ കനലില്‍ പിടഞ്ഞു.
"ഹേ മനുഷ്യാ നീ ഇനിയുമീ ഭൂമിയെ
വരണ്ട മണല്‍ത്തരികളാക്കുമോ?".
നിന്റെ സ്വാര്‍ത്ഥമോഹത്തിന്‍ മെതിയടിയില്‍
‍ഞെരിഞ്ഞു തീരുന്നിതെന്റെ പ്രണയവും.

ആസന്നമരണയായ് ഭൂമി നഷ്ടവിപിനങ്ങളുടെ
വേദനയിലും നിനക്കു മാപ്പു നല്‍കുമോ?
പറിച്ചെടുത്ത ഹരിതകഞ്ജുകം എന്നെങ്കിലും
നിനക്കാകുമോ തിരിച്ചു നല്‍കുവാന്‍?

അപമാനിതയെങ്കിലും സര്‍വ്വം സഹയായ്
ഇന്നുമവള്‍ നില്ക്കുന്നു, നിനക്കേകിടുന്നാശ്രയം

Save our Mother "Earth".

Sunday, September 27, 2009

ഓണാശംസകള്‍

എനിക്കന്നും ഒരു സാധാരണ ദിവസം മാത്രമായിരുന്നു.

കമ്പനിയില്‍ എല്ലാവരും ഓണാഘോഷത്തിന്റെ ഉത്സാഹത്തിലായിരുന്നു. ഞാന്‍ ഇവിടെ എത്തിയതിനു ശേഷമുള്ള മൂന്നാമത്തെ ഓണമാണു്‌. കഴിഞ്ഞ രണ്ടു പ്രാവശ്യവുംഇവിടെ ഉണ്ടായിരുന്നെങ്കിലും പരിപാടികള്‍ ഒന്നും കാണാന്‍ പറ്റിയിട്ടുണ്ടായിരുന്നില്ല. ഇന്നെന്തായാലും സ്ഥിതി വ്യത്യസ്തമാണു്‌. എന്റെ ഷിഫ്റ്റ് 3.00 മണിക്കേ തീര്‍ന്നിരുന്നു. പാട്ടും, ഡാന്‍സും ഒക്കെയായി എല്ലാം തുടങ്ങാന്‍ 5.00 മണിയാവും.

ഞാന്‍ ഒരു കപ്പു ചായയുമെടുത്തു ഫുഡ് കോര്‍ട്ടിലെ ഒരു ഒഴിഞ്ഞ കോണില്‍ ചെന്നു നിന്നു. അവിടെ സ്റ്റേജിന്റെ അവസാന മിനുക്കുപണിയിലായിരുന്നു പുതിയതായി ജോയിന്‍ ചെയ്ത കുട്ടികള്‍. അതിനപ്പുറത്തു മൂല്യനിര്‍ണയത്തിലെ പാകപ്പിഴകള്‍ പറഞ്ഞു തര്‍ക്കിക്കുന്ന ഒരു കൂട്ടര്‍. ഇതൊന്നും ശ്രദ്ധിക്കാതെ പ്രോഗ്രാം കമ്മിറ്റിക്കാര്‍ കാര്യമായ ചര്‍ച്ചയിലാണ്‌. മത്സരവിധി വരുമ്പോള്‍ ഇവരായിരിക്കുമല്ലൊ കുരിശിലേറ്റപെടുന്നതു്‌ :).

സമയം 4.00 കഴിഞ്ഞു. ഇളം വെയില്‍ പോഴിക്കുന്ന സൂര്യനു ഒരു തുടുത്ത ഓറഞ്ചിന്റെ നിറമായിരിക്കുന്നു. എന്തോ, മനസ്സിലെവിടെയോ ഓര്‍മ്മകളില്‍ അരുണിന്റെ മുഖമാണു ഓടിയെത്തിയതു്‌. അടുത്ത ദിവസങ്ങളിലൊന്നും അവനെകുറിച്ചു ഓര്‍ക്കുകയോ, സംസാരിക്കുകയോ ചെയ്തിരുന്നില്ല. അറിയില്ല അപ്പോള്‍ അവനെ ഓര്‍ക്കാന്‍ കാരണമെന്താണെന്നു്‌.

കഴിഞ്ഞ വര്‍ഷം ഇതുപോലെയുള്ള ഒരു ഓണാഘോഷ്ത്തിന്റെ തിരക്കിനിടയിലാണ്‌ ഞങ്ങള്‍ പരിചയപ്പെട്ടത്‌. ഇവിടെ വന്നിട്ടു കുറച്ചു കാലമേ ആയിരുന്നെങ്കിലും പലര്‍ക്കും അവന്‍ സുപരിചിതനായിരുന്നു. നേരിട്ടു അറിയില്ലെങ്കിലും ഞങ്ങളുടെ സുഹ്രുത്തായ കിരണ്‍ പറഞ്ഞു എനിക്കു അവനെ നല്ലപോലെ അറിയാമായിരുന്നു. സുഹ്രുത്തുക്കള്‍ക്കു വേണ്ടി എന്തിനും അരുണ്‍ മുന്‍പിലുണ്ടാവുമെന്നു കിരണ്‍ പറയുമായിരുന്നു. അതെനിക്കു ബോധ്യപെടുത്തിതന്നു അന്നു വീണുകിട്ടിയ ആ സൌഹ്രുദം.

പൂക്കളത്തിനുള്ള പൂക്കള്‍ കൊണ്ടുവരാനും, വൈകുന്നേരത്തെ പരിപാടികള്‍ക്കുള്ള തയ്യാറെടുപ്പുകള്‍ നടത്താനും എല്ലാം അവന്‍ മുന്നിലുണ്ടായിരുന്നു. ഇതിനിടയില്‍ പുലിക്കളിക്കായി കൊണ്ടുവന്നിരുന്ന ചെണ്ടയെടുത്തു താളമിട്ടുകൊണ്ടിരുന്നു. വായിച്ചു നോക്കാന്‍ പറഞ്ഞു അതെനിക്കു തന്നപ്പോള്‍ ഞാന്‍ ഒരു പാഴ്ശ്രമം നടത്തിനോക്കി. കൂടെയുണ്ടായിരുന്നവര്‍ കളിയാക്കിയപ്പോള്‍ പിന്നീടൊരിക്കല്‍ പഠിപ്പിച്ചുതരാമെന്നവന്‍ പറഞ്ഞു. പക്ഷേ അവന്‍ വാക്കു പാലിച്ചില്ല. അല്ലെങ്കില്, വിധി അവനെ അതിനനുവദിച്ചില്ല എന്നു വേണം പറയാന്‍.

എല്ലാം കഴിഞ്ഞു, ഇനി പോയിവേണം നന്നായൊന്നുറങ്ങാന്‍ എന്നു പറഞ്ഞു അന്നു രാത്രി അവന്‍ പോയതു ഒരിക്കലും ഉണരാത്ത ഉറക്കത്തിലേക്കായിരുന്നു. അവന്റെ കാര്‍, നിര്‍ത്തിയിട്ടിരുന്ന ഒരു ലോറിയില്‍ ചെന്നിടിക്കുകയായിരുന്നു. രാത്രി ഏറെ വൈകിയതല്ലെ, ഉറങ്ങിപോയതായിരിക്കുമെന്നു പലരും പറഞ്ഞു. സത്യത്തില്‍ സംഭവിച്ചതെന്തായിരുന്നെന്നു ഇന്നും എനിക്കറിയില്ല.

എതാനും മണിക്കൂറുകള്‍ മാത്രം നീണ്ടു നിന്ന സൌഹ്രുദമായിരുന്നെങ്കിലും ആ ഓര്‍മകള്‍ എന്നെ അസ്വസ്ഥമാക്കി. പിന്നെ അവിടെ നില്‍ക്കാന്‍ തോന്നിയില്ല. സൂര്യന്‍ അപ്പോഴേക്കും ആ സന്ധ്യയെ സിന്ധൂരമണിയിച്ചിരുന്നു. കാബ് വരുന്ന സമയമല്ലാത്തതു കൊണ്ടു വീട്ടിലേക്കു നടന്നു പോകാമെന്നു വെച്ചു. ആരോടും പറയാതെ ഞാന്‍ ആ തിരക്കില്‍ നിന്നും ഇറങ്ങി നടന്നു.

ഈ ആഘോഷത്തിമിര്‍പ്പിനിടയില്‍ അരുണിനെ കുറിച്ചു ആരെങ്കിലും ഓര്‍ത്തോ എന്നെനിക്കറിയില്ല. മണിക്കൂറുകള്‍ മാത്രം നീണ്ടുനിന്ന ഒരു സൌഹ്രുദം എനിക്കു തന്ന സുഹ്രുത്തേ, എന്റെ സ്നേഹം നിറഞ്ഞ "ഓണാശംസകള്‍".

Monday, August 31, 2009

പുലരി


ഇന്നലെ പൌര്‍ണമിയുതിര്‍ത്ത നീലരാവില്‍
കുതിര്‍ന്നുറങ്ങും പുഴയെ വിളിച്ചുണര്‍ത്തുവാന്
‍മെല്ലെയൊന്നു തൊട്ടുണര്‍ത്തുവാന്
‍കൈനീട്ടിയോ പതിവായിന്നും പുലരി.

നിലാവിലലിഞ്ഞ തമസ്സിന്റെ തപസ്സില്
‍വരുവാനുണ്ടിനിയുമെത്രയോ രാത്രികള്‍.
എങ്കിലും, ഇന്നലിയട്ടെ വ്യഥകള്‍
ഇരുളിന്റെയിരുണ്ട മറവില്‍ മൂടട്ടെ.

കൂരിരുള്‍ കമ്പളം നീക്കിയാ കിരണങ്ങള്
‍ഹിമകണങ്ങള്‍ക്കേഴു നിറങ്ങളേകിയോ?
തൂമഞ്ഞുതുള്ളിയില്‍ സുഗന്ധം നിറച്ചുവോ?
വിടരുന്ന മുകുളങ്ങളെയൊന്നു തലോടിയോ?

ഇന്നു നിറയട്ടെ പുതിയൊരു പകല്‍
പുലരിയുടെ പൊന്‍തൂവലില്‍
പ്രതീക്ഷയുടെ പുതുനാമ്പുകള്‍ എഴുതട്ടെ
ജീവിതം ഒരു ചെറു മന്ദസ്മിതത്താല്‍.

Wednesday, July 29, 2009

ആധുനിക സ്നേഹം


The image “http://www.art-for-a-change.com/blog/images/march09/vallen_enough.jpg” cannot be displayed, because it contains errors.

സ്നേഹം വരണ്ടുപോയൊരാ മനസ്സില്‍
സ്വപ്നം മരുഭൂവിലെ നീരുറവയെങ്കിലും
പഴകിയോരോര്‍മ്മതന്‍ ചിത്രങ്ങള്‍
സ്മൃതിയിലെങ്ങൊ തെളിയുന്നു മായുന്നു.

മൌനം നാദമായുണരും മണ്‍വീണയില്‍
ഇന്നും ആരോ സ്വരമായ് പാടി
ജനിമൃതിതന്‍ യത്രയിലെ നോവേറും
ഇടവഴിയില്‍ കേട്ടുമറന്നൊരാ പല്ലവികള്‍.

സ്നേഹിക്കുവാനറിയില്ലെനിക്കിന്നു
സ്നേഹം വെറുമൊരു പ്രകടനം മാത്രമോ?
സ്നേഹമെന്നതു ദൈവമാണെന്ന സത്യം
മുന്‍പാരോ പറഞ്ഞു പഠിപ്പിച്ചിരുന്നു.

വീണ്ടും പഠിച്ചു പഴയത ത്രയും തെറ്റുകള്‍
സൂര്യനുദിക്കുന്നില്ല, അസ്തമിക്കുന്നില്ല
കറങ്ങുന്ന ഭൂമി തീര്‍ക്കുന്നു ദിനരാത്രങ്ങള്‍
എന്നതത്രെ പ്രപഞ്ച സത്യം.
ഇനിയുമുണ്ടകുമോ അറിഞ്ഞത ത്രയും
തെറ്റെന്നു ചൊല്ലുന്ന നൂതന സത്യങ്ങള്‍?

ഹൃദയമൊരു തരിശ്ശു ഭൂമിയെങ്കിലുമതില്‍
വിളയുന്നു സ്വാര്‍ത്ഥ മോഹങ്ങളെന്നു സത്യം

സ്നേഹമെന്നതു ധനമെന്നാധുനിക സത്യം
പണമെന്നതു പിണമാണെന്നു ലോകസത്യം
അതുകൊണ്ടിന്നു സ്നേഹം പിണമത്രെ.
മനുഷ്യനെ അന്ധനക്കുന്ന മൂകനാക്കുന്ന
ബധിരനാക്കുന്ന നിര്‍ജീവ ജഢം.

Sunday, May 17, 2009

ഗൃഹാതുരം



മനസ്സിന്റെ മച്ചകത്ത്‌ മാറാല കെട്ടിയ,
പടിയിറങ്ങിയ ഭൂതകാലത്തിന്റെയോര്‍മ്മകള്‍
ഉള്ളിലെയഗ്നിയില്‍ ഭസ്മമായെങ്കിലും,
ഗൃഹാതുരത്വത്തിന്‍ ഗന്ധമുയര്‍ത്തുന്നു.

വേരുകള്‍ തേടിയുള്ള യാത്രയിലൊരു തിരിച്ചു
പോക്കിനായ് മനമേറേ കൊതിച്ചിരുന്നു.
ചെന്നെത്തി ബാല്യത്തിന്റെ തീരത്ത്‌.
കണ്ടില്ല പൊടിതട്ടിയെടുത്തൊരു ചിത്രം പോലും.

വിണ്ണില്‍, മുകില്‍ കൈകളിലേന്തിയ
മാലയെപ്പൊഴോ തകര്‍ന്നുപോയെങ്കിലും
പൊട്ടിയ ചരടിലെ മണിമുത്തുകള്‍
ഒരു കുടം നീരുമായ് താഴേക്കുതിരവേ,
വിടരും പനിനീര്‍ ദലങ്ങളുടെ സുഗന്ധം
തോല്‍പ്പിക്കുമാ മണ്ണിന്റെ ഗന്ധം
ജന്മങ്ങള്‍ക്കപ്പുറത്തെങ്ങോ കളഞ്ഞു പോയൊരാ
നഷ്ടസ്മൃതികളെ തഴുകിയുണര്‍ത്തുന്നു.

കനവു കണ്ടു ഞാനെന്‍ നിളയെ, വീണ്ടുമാ
തീരത്തു കളിവീടുണ്ടാക്കുന്നതും,
എപ്പൊഴോ ഞാന്‍ നട്ട മുല്ലവള്ളിയുടെ
പൂവുകള്‍ കൊണ്ടെന്‍ വള്ളികുടിലുകള്‍ പൂത്തതും.
തേടിയലഞ്ഞു പിന്നെയും ഓര്‍മയിലെ വളപ്പൊട്ടുകള്‍ക്കായ്.

അറിഞ്ഞു ഞാന്‍, മാറുന്ന ലോകത്ത്‌
മാറി ഇന്നെന്റെ ഗ്രാമവും.
കാണുവാനായില്ല നിളതന്‍ തീരത്തു
തീര്‍ത്ത കളിവീടുകളിലൊന്നു പോലും.

തളര്‍ന്നൊഴുകുന്നോരെന്‍ തോഴിയെ
തെല്ലു നെടുവീര്‍പ്പൊടെ നോക്കി നിന്നു ഞാന്‍.

ഒഴുക്കില്‍ നീ മീട്ടിയോരാ സംഗീതവും
നീങ്ങുന്ന നിന്നില്‍ പൊലിഞ്ഞു പോയോരെന്‍
സ്വപ്നങ്ങളും, നീറുന്നൊരു ഗദ്ഗദമായുയരുമ്പോള്‍
ഹൃദയത്തിലൊരു നിശബ്ദനോവായ് നിറഞ്ഞതു
വളപ്പൊട്ടുകളുടെ ചിരിയെന്നു ഞാനറിഞ്ഞു.


Friday, April 10, 2009

മൌനം




ഇരുളിന്‍ മറവില്‍ ഏകയായ് ഞാനിരുന്നു.
നിഴലുകള്‍ കൂട്ടരായ് രാവിന്‍ നിശബ്ദതയില്‍
നേര്‍ത്ത വര്‍ഷത്തിന്‍ സംഗീതം നുകരവേ
ഏകാന്തതയെ തല്ലിക്കെടുത്തി നീ വന്നു .

നിന്നെയറിയാനായ് അലഞ്ഞപ്പൊഴും
ഒന്നുമുരിയാടതെ നിന്നു നീ.
കേള്‍ക്കാനാവാത്ത ശബ്ദ്മായെന്നും
എന്നരികില്‍ വന്നു നീ.

തുരുമ്പു വന്നോരെന്‍ വീണകമ്പികള്‍
മീട്ടിയതു നിന്റെ പദസ്വനമായിരുന്നു.
നിനവിന്റെയേതോ അറിയാത്ത നിമിഷത്തില്‍
നിന്‍ നിഴല്‍ കാണാതെകാണവെ
ഇന്നുമാ ഗാനവും രൂപവും
എവിടെയെന്നോര്‍പ്പു ഞാന്‍.

എന്റെ ഒരായിരം ചോദ്യങ്ങള്‍ക്കു മുന്നിലും
പതറാതെ നില്‍ക്കവെ
മന്ദസ്മിതം തൂകിയൊരുവാക്കു പറയാതെ
അകന്നുപോയി നീയെങ്കിലും

ഇന്നു നിന്നെയറിയുന്നു ഞാനെന്‍
പ്രിയസഖീ മൌനമായിരുന്നു നീ.

Friday, February 27, 2009

ഇനിയും മരിക്കാം

http://farm2.static.flickr.com/1207/536571517_1ccb799f3f.jpg?v=0

ഇന്നെന്റെ മരണം എല്ലാം ഇവിടെ
ഉപേക്ഷിച്ചു യാത്രയാവുന്നു ദേഹിയും.
കൊണ്ടുപോവുന്നില്ല ഞാനൊന്നും
നിന്റെ ഓര്‍മ്മകളും സ്നേഹവും പോലും.

മൂഢലോകത്തിന്റെ വ്യര്‍ത്ഥ ബന്ധങ്ങളെ
പൊട്ടിച്ചെറിഞ്ഞു സ്വതന്ത്രയായ് യാത്രയവുമ്പോള്‍
നൊന്തു നീ നോവിച്ചതോര്‍ത്തു ഇനി
വേണ്ട വേദനയുടെ ജല്‍പ്പനങ്ങള്‍.
മൃതിയടഞ്ഞ എന്നോര്‍മ്മകളെ തൊട്ടുണര്‍ത്തുവാന്‍
വെറുതെയെന്തിനു വീണ്ടും വരുന്നു നീ?.

ചേതനയറ്റ പാഴ്‌മേനി ചിതയിലെരിയുമ്പോള്‍
ഞാനെന്ന ദേഹം ഭസ്‌മമായിടുമ്പോള്‍
അരുതു നീ വരരുതു ഒരിക്കല്‍പോലും
എന്റെ മരണത്തിനു സാക്ഷിയാകുവാന്‍.

ഭസ്‌മമാം ശരീരം മണ്ണിലലിയുമ്പോള്‍
ജീവിതസത്യം മരണമെന്നറിയുമ്പോള്‍
ഏറ്റുവാങ്ങാനാവില്ല നീയര്‍പ്പിക്കുന്ന
ഓരോ പൂവിലും തുളുമ്പുന്ന സ്നേഹം.
എന്നെ കുത്തി നോവിക്കുമാ പനിനീര്‍
ദളങ്ങളെ കനിവേകി തിരിച്ചെടുക്കുക.

മരിക്കാനനുവദിക്കുക നിന്നിലെ മങ്ങിയ
ഓര്‍മ്മകളും ചിത്രങ്ങളും, അവക്കാവില്ല
ജീവിത സാരംഗിയില്‍ സംഗീതം തീര്‍ക്കുവാന്‍

ഇനിയും മരിക്കാം ഞാന്‍ നിന്റെ മരിക്കാത്ത
ഓര്‍മ്മതന്‍ ചിത്രങ്ങളും സ്വപ്നങ്ങളും
എന്റെയൊപ്പം മാഞ്ഞുപോവുമെങ്കില്‍ .